അമൃത്‌പാലിനെ പിടികൂടാത്തതിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ചണ്ഡിഗഡ്: ഖലിസ്ഥാൻ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ കഴിയാത്തതിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി പഞ്ചാബ് പൊലീസിനെ രൂക്ഷമായി വിമർശിച്ചു. "80,000 പൊലീസുകാരുണ്ട്. അവരെന്താ ചെയ്യുന്നത്? അമൃത്പാൽ സിംഗ് എങ്ങനെയാണ് രക്ഷപ്പെട്ടത്", ഹൈക്കോടതി ചോദിച്ചു. ഇത് ഇന്‍റലിജൻസ് വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. അമൃത്പാലിനെ പിടികൂടാനുള്ള പൊലീസ് നടപടിയുടെ തൽസ്ഥിതി അറിയിക്കാനും കോടതി നിർദേശിച്ചു. അമൃത്പാൽ സിങ്ങിനെതിരെ ശക്തമായ നടപടികൾ ആരംഭിച്ചതായും അദ്ദേഹത്തിന്‍റെ 120 അനുയായികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും പഞ്ചാബ് പൊലീസ് കോടതിയെ അറിയിച്ചു. അമൃത്പാൽ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തിയിട്ടുണ്ടെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ വിനോദ് ഗായ് ഹൈക്കോടതിയെ അറിയിച്ചു. അമൃത്പാലിന്‍റെ അനുയായികളായ ഗുർമീത് സിംഗ് ബുക്കൻവാല, ബസന്ത് സിങ്, ഭഗവന്ത് സിങ്, ദൽജിത് സിങ് എന്നിവർക്കെതിരെയും എൻഎസ്എ പ്രകാരം കേസെടുത്തു.