വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദിലീപിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കേസ് അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ടു പോകാമെന്നു കോടതി വ്യക്തമാക്കി. ഹർജി തള്ളിയത് നടൻ നടൻ ദിലീപിനു കടുത്ത തിരിച്ചടിയാകും. നിലവിൽ ഉപാധികളോടെ ജാമ്യത്തിലുള്ള ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിലേയ്ക്കു വരെ കാര്യങ്ങൾ നീണ്ടേക്കുമെന്നും വിലയിരുത്തുന്നു.