കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണായക തീരുമാനമെടുത്ത് ഹൈക്കോടതി
കൊച്ചി: കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. 50 വയസിന് മുകളിലുള്ള സ്ത്രീകൾക്കും 55 വയസിന് മുകളിലുള്ള പുരുഷനും ചികിത്സ നിഷേധിക്കുന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയവർക്ക് ചികിത്സ തുടരാമെന്ന് കേരള ഹൈക്കോടതി. കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ആർടി ബിൽ 2021 അവസാനത്തോടെ പാർലമെന്‍റ് പാസാക്കി. ഇത് നിയമമായതോടെ പ്രായമായ ദമ്പതികളാണ് പ്രതിസന്ധിയിലാകുന്നത്. നിയമം പ്രാബല്യത്തിൽ വന്ന സമയത്ത് ചികിത്സയിലായിരുന്നവർക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. ഇതിനെതിരെ 30 ഓളം ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ 28 ഹർജികൾ ഒരുമിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി അരുണിന്‍റെ വിധി. നിയമം പ്രാബല്യത്തിൽ വന്ന ജനുവരി മാസത്തിൽ ചികിത്സയിലായിരുന്നവർക്കാണ് ഇളവ്. പ്രായപരിധി കഴിഞ്ഞ പുതിയയായി ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയും ഹൈക്കോടതി ഇടപെട്ടു. ഉയർന്ന പ്രായപരിധി പുനഃപരിശോധിക്കാൻ നാഷണൽ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആൻഡ് സറോഗസി ബോർഡ് കേന്ദ്ര ഗവണ്മെന്റിനെ സമീപിക്കണം. റിപ്പോർട്ട് മൂന്ന് മാസത്തിനകം ബോർഡ് ഹൈക്കോടതിയെ അറിയിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.