മുഹമ്മദ് ഫൈസൽ ഉൾപ്പടെയുള്ള പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എം.പി പി. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. വധശ്രമക്കേസിലെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്ന് ജാമ്യം തേടി എം.പി അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കുറ്റക്കാരാണെന്ന് കണ്ടെത്തിയതും, ശിക്ഷയും റദ്ദാക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. കേസിലെ സാക്ഷി മൊഴികളിൽ വൈരുദ്ധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. ആയുധങ്ങൾ കണ്ടെടുത്തില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യത്തെളിവുകൾ ഉണ്ടെന്ന വാദവും അംഗീകരിച്ചില്ല. പരാതിക്കാർക്ക് ജീവൻ നഷ്ടപ്പെടാനിടയുള്ള പരിക്കുകളില്ലെന്നും കേസ് ഡയറിയിൽ ഉൾപ്പെടെ വൈരുദ്ധ്യങ്ങളുണ്ടെന്നുമാണ് മുഹമ്മദ് ഫൈസൽ ഉൾപ്പെടെ നാല് പ്രതികളും വാദിച്ചത്. ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ, സഹോദരൻ നൂറുൽ അമീൻ എന്നിവരുൾപ്പെടെ നാല് പ്രതികൾക്ക് മെയ് 11നാണ് കവരത്തി സെഷൻസ് കോടതി 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലായിരുന്നു ശിക്ഷ.Reply

Related Posts