'പുഴ മുതല്‍ പുഴ വരെ'; പുനഃപരിശോധനാ കമ്മിറ്റിക്ക് അയച്ച തീരുമാനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: മലബാർ കലാപത്തെ ആസ്പദമാക്കി അലി അക്ബർ (രാമസിംഹൻ) സംവിധാനം ചെയ്ത 'പുഴ മുതൽ പുഴ വരെ' എന്ന ചിത്രം രണ്ടാം തവണയും പുനഃപരിശോധനാ സമിതിക്ക് വിടാനുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സിബിഎഫ്സി) ചെയർമാന്‍റെ തീരുമാനം കേരള ഹൈക്കോടതി റദ്ദാക്കി. ചെയർമാന്‍റെ നടപടി സിനിമറ്റോഗ്രാഫ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് ജസ്റ്റിസ് എൻ നഗരേഷ് നിരീക്ഷിച്ചു. ചിത്രം രണ്ടാം തവണയും പുനഃപരിശോധനാ സമിതിക്ക് വിടാനുള്ള ചെയർമാന്‍റെ തീരുമാനത്തിനെതിരെയാണ് അലി അക്ബർ ഹൈക്കോടതിയെ സമീപിച്ചത്. സിനിമ ആദ്യം കണ്ട പുനഃപരിശോധനാ സമിതി ഏഴ് മാറ്റങ്ങളോടെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിൽ തൃപ്തനാകാതിരുന്ന ചെയർമാൻ ചിത്രം പുതിയ പുനഃപരിശോധനാ സമിതിയുടെ പരിഗണനയ്ക്കായി അയച്ചു. ഇതാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. രണ്ടാമത് മറ്റൊരു സമിതിയുടെ പരിഗണനയ്ക്ക് വിടാന്‍ ചെയര്‍മാന് അധികാരമില്ലെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി.