കെഎസ്ആർടിസിക്ക് തിരിച്ചടി; വിപണി വിലയ്ക്ക് ഡീസൽ നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കെഎസ്ആർടിസിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഇത് സംബന്ധിച്ച് ബി പി സി എല്ലാണ് ഡിവിഷൻ ബഞ്ച് മുൻപാകെ അപ്പീൽ നൽകിയിരുന്നത്.
പ്രഥമദൃഷ്ട്യാ വിലനിർണയത്തിൽ അപാകതയുണ്ടെന്നും കെഎസ്ആർടിസിക്ക് മാർക്കറ്റ് വിലയിൽ ഡീസൽ നൽകണമെന്നുമാണ് ബുധനാഴ്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ബൾക്ക് യൂസർ എന്ന പേരിലാണ് കമ്പനികൾ കൂടിയ വില ഈടാക്കുന്നത്. ലാഭകരമല്ലാത്ത റൂട്ടിൽപോലും പൊതുജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആർടിസിക്ക് സ്വകാര്യ വാഹനങ്ങൾക്കു നൽകുന്നതിന്റെ ഇരട്ടി നിരക്കിൽ ഇന്ധനം നൽകുന്നത് നീതീകരിക്കാനാകില്ലെന്നാണ് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നത്. ആ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.