കിഫ്ബിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസിനെതിരെ കിഫ്ബി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അധികാരം ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. മസാല ബോണ്ട് നൽകുന്നതിൽ ഫെമ ചട്ടങ്ങൾ ലംഘിച്ചെന്ന കേസിൽ ഇ ഡി കിഫ്ബി ക്ക് സമൻസ് അയച്ചിരുന്നു. കിഫ്ബി സി ഇ ഒ കെ എം എബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജർ എന്നിവരാണ് ഹൈക്കോടതിയിൽ ഈ നടപടിയെ ചോദ്യം ചെയ്യുന്നത്. ഫെമ ലംഘനങ്ങൾ പരിശോധിക്കാൻ ഇ ഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. ഇക്കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിശോധിക്കണമെന്നും കിഫ്ബി യുടെ ഹർജിയിൽ പറയുന്നു. കിഫ്ബി യുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടർച്ചയായി സമൻസ് അയയ്ക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. കിഫ്ബി ക്കെതിരായ ഇ ഡി അന്വേഷണത്തിനെതിരെയും സി പി എം നിയമപോരാട്ടം നടത്തുകയാണ്. ഇ ഡി അന്വേഷണത്തിനെതിരെ കെ കെ ശൈലജ ഉൾപ്പെടെ അഞ്ച് ഭരണപക്ഷ എം എൽ എ മാരാണ് ഹർജി നൽകിയത്. കിഫ്ബിക്കെതിരായ ഇ ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സി പി എം വ്യക്തമാക്കിയിരുന്നു.