രാജ്യത്ത് ഏറ്റവും കൂടിയ ചൂട് കേരളത്തിൽ; 35.6 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറി മാനം തെളിഞ്ഞതോടെ വെയിലിനെ പേടിക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലമായ് മാറിവരികയാണ് കേരളം. 35.6 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില. ഇന്നത്തെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലെ കണ്ണൂരിലാണ്. നിലവിലെ സാഹചര്യത്തിൽ പകൽസമയങ്ങളിൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത ദിസങ്ങളിലും മഴ വിട്ടു നിൽക്കാനാണ് സാധ്യത. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ കിട്ടിയേക്കും. കൊച്ചിയും ആലപ്പുഴയുമടക്കം കേരളത്തിന്‍റെ ഒട്ടുമിക്ക തീരനഗരങ്ങളും മുങ്ങാനുള്ള സാധ്യതയും, ശംഖുംമുഖത്തെ തീരശോഷണം ഇനിയും തുടർന്നാൽ തിരുവനന്തപുരം വിമാനത്താവളം കടലെടുക്കാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു.
ദേശീയ തീര ഗവേഷണ കേന്ദ്രത്തിന്റ കണക്ക് പ്രകാരം 2017ലെ ഓഖിക്ക് ശേഷം കേരളവും കാലാവസ്ഥ വ്യതിയാനം നേരിട്ട് അനുഭവിച്ച് തുടങ്ങി. കേരളത്തിന്റെ 41% തീരമേഖലയിലും മാറ്റങ്ങൾ പ്രകടമാണ്. 37% ശതമാനം തീരപ്രദേശം മാത്രമാണ് സുരക്ഷിതം. കേരളത്തിന്‍റെ കടലിലും തീരത്തും മെല്ലെ മെല്ലെ ഉണ്ടാകുന്ന മാറ്റങ്ങൾ അത്യന്തം ഗുരുതരമായ അപകടങ്ങളുണ്ടാവുമെന്ന മുന്നറിയിപ്പാണെന്നും, തീരശോഷണം നിയന്ത്രിക്കാനായില്ലെങ്കിൽ, ഇനിയുള്ള കാലാവസ്ഥ മാറ്റങ്ങളെ കേരളത്തിന് താങ്ങാനാവില്ലെന്നും ശാസ്ത്രജ്ഞന്മാർ പറയുന്നു.