കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; ഹോട്ടൽ ഉടമ ഉൾപ്പെടെ കസ്റ്റഡിയിൽ

കാസർകോട്: കാസർകോട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തതായി മേൽപ്പറമ്പ് ഇൻസ്പെക്ടർ ഉത്തം ദാസ് പറഞ്ഞു. കാസർകോട് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിയ കുഴിമന്തി കഴിച്ചപ്പോഴാണ് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്. ഇവരെ കൂടാതെ കൂടുതൽ പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. അഞ്ജുശ്രീ ജനുവരി 1 മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഡിസംബർ 31നാണ് അഞ്ജുശ്രീ പാർവ്വതിയും സുഹൃത്തുക്കളും കുഴിമന്തി വാങ്ങിയത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയ്ക്കാണ് ഓർഡർ നൽകിയത്. പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പെൺകുട്ടിയെ പിന്നീട് ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. തുടർന്ന് ഇന്നലെ രാവിലെ ബോധരഹിതയായ പെൺകുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Related Posts