വീട്ടിൽ മാസങ്ങളായി വൈദ്യുതി ഇല്ല; വിദ്യാർത്ഥിയുടെ പരാതി പരിഹരിച്ച് കളക്ടർ
മാവേലിക്കര: ബില്ല് കുടിശ്ശികയെ തുടർന്ന്, വൈദ്യുതി കണക്ഷൻ വിശ്ചേദിച്ചിട്ട് മാസങ്ങളായെന്ന് കളക്ടറെ കത്തെഴുതി അറിയിച്ച വിദ്യാർത്ഥിയുടെ വീട്ടിൽ വൈദ്യുതി പുനസ്ഥാപിച്ച് വി.ആർ കൃഷ്ണ തേജ. മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ മാവേലിക്കര അറുന്നൂറ്റിമംഗലം അർജുൻ കൃഷ്ണയാണ് കത്തെഴുതിയത്. വൈദ്യുതി ഇല്ലാത്തതിനാൽ മെഴുകുതിരി കത്തിച്ചാണ് രാത്രിയിൽ കഴിയുന്നതെന്നും, പഠിക്കാൻ കഴിയുന്നില്ലെന്നും കത്തിൽ ഉണ്ടായിരുന്നു. കത്ത് ലഭിച്ച ഉടനെ കളക്ടർ അധികൃതരുമായി സംസാരിക്കുകയും കുടിശ്ശിക അടച്ച് വൈദ്യുതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. മാവേലിക്കരയിലെ വിദ്യാർത്ഥിയുടെ വീട്ടിൽ അദ്ദേഹം നേരിട്ടെത്തി. അർജുൻ കൃഷ്ണക്ക് സമ്മാനമായി ടി.വിയും അദ്ദേഹം കരുതിയിരുന്നു. വിദ്യാർത്ഥിക്ക് പഠിക്കാനുള്ള എല്ലാ സൗകര്യവും, പുതിയ യൂണിഫോമും നൽകുമെന്നും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.