ആഗോള തൊഴിലില്ലായ്മ 207 മില്യൺ ആയി ഉയരുമെന്ന പ്രവചനവുമായി ഐഎൽഒ
2022-ൽ ആഗോള തൊഴിലില്ലായ്മ 207 ദശലക്ഷമായി ഉയരുമെന്ന് പ്രവചിച്ച് ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ). 2019-നെ അപേക്ഷിച്ച് 21 ദശലക്ഷത്തിലധികം പേർക്ക് കൂടുതലായി തൊഴിൽ നഷ്പ്പെടുമെന്നാണ് ഐഎൽഒ യുടെ പ്രവചനം.
ആഗോള തലത്തിൽ നടപ്പു സാമ്പത്തികവർഷം മൊത്തം ജോലി സമയത്തിൽ (വർക്കിങ്ങ് അവേഴ്സ്) 2 ശതമാനത്തിൻ്റെ ഇടിവുണ്ടാവുമെന്ന് സംഘടന കണക്കുകൂട്ടുന്നു. വേൾഡ് ഇക്കണോമിക് ആൻഡ് സോഷ്യൽ ഔട്ട്‌ലുക്ക്- ട്രെൻഡ്‌സ് 2022 എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് മഹാമാരിക്കു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് ആഗോള തൊഴിൽ സമയത്തിൽ ഉണ്ടാവാനിടയുള്ള കനത്ത ഇടിവിനെപ്പറ്റിയുള്ള ഐഎൽഒ യുടെ മുന്നറിയിപ്പ്.
വർക്കിങ്ങ് അവേഴ്സ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ ഏകദേശം 2 ശതമാനം താഴുമെന്ന ഐക്യരാഷ്ട്ര ഏജൻസിയുടെ പ്രവചനം ആഗോള സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്. വർക്കിങ്ങ് അവേഴ്സിലെ കേവലം 2 ശതമാനം താഴ്ച എന്നത് 52 മില്യൺ ഫുൾ ടൈം ജോലിക്ക് തുല്യമാണ്.