ബോളിങ്ങിനിടെ വിരലിൽ ക്രീം പുരട്ടിയ സംഭവം; ജഡേജയ്ക്കെതിരെ നടപടി

നാഗ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പന്തെറിയുന്നതിനിടെ വിരലിൽ ക്രീം പുരട്ടിയ സംഭവത്തിൽ രവീന്ദ്ര ജഡേജയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി സ്വീകരിച്ചു. ഓൺ ഫീൽഡ് അംപയർമാരുടെ അനുമതിയില്ലാതെ ക്രീം ഉപയോഗിച്ചതിനാണ് നടപടി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലാണ് ജഡേജ ക്രീം ഉപയോഗിച്ചത്. ജഡേജ മുഹമ്മദ് സിറാജിന്‍റെ കൈയിൽ നിന്ന് ക്രീം എടുത്ത് വിരലിൽ പുരട്ടുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതോടെയാണ് ജഡേജ പന്തിൽ കൃത്രിമം നടത്തിയെന്ന ആരോപണം ഉയർന്നത്. മാച്ച് ഫീസിന്റെ 25 ശതമാനം താരം പിഴയായി അടയ്ക്കേണ്ടി വരും. താരത്തിനെതിരെ ഡീമെറിറ്റ് പോയിന്‍റും ഉണ്ടാകും. അതേസമയം ആരോഗ്യപരമായ കാരണങ്ങളാലാണ് ജഡേജ ക്രീം ഉപയോഗിച്ചതെന്ന് വ്യക്തമാണെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു. പന്തിൽ കൃത്രിമം കാണിക്കാനല്ല ജഡേജ ക്രീം ഉപയോഗിച്ചതെന്നും ഐസിസി പറഞ്ഞു. പരുക്കുമാറിയെത്തിയ ജഡേജ വേദനയ്ക്കുള്ള മരുന്നാണു ഉപയോഗിച്ചതെന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. ആദ്യ ടെസ്റ്റിൽ വിജയിച്ചപ്പോൾ ജഡേജയായിരുന്നു കളിയിലെ താരമായത്.

Related Posts