പെരിഞ്ചെല്ലൂർ ചെപ്പേട് ലണ്ടനിലേക്ക് കടത്തിയ സംഭവം അന്വേഷിക്കണം; ഡോ ദിനേശ് കർത്ത

എറണാകുളം: കേരള ചരിത്രത്തിലേക്കും മലയാള ഭാഷയുടെ പരിണാമ വികാസങ്ങളിലേക്കും വെളിച്ചം വീശുന്ന പ്രധാന ചരിത്രരേഖയായ പെരിഞ്ചെല്ലൂർ ചെപ്പേട് ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ എങ്ങിനെ എത്തിയെന്നതിനെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ദിനേശ് കർത്താ ആവശ്യപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ ചെമ്പോല 1976 ലാണ് കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര വിഭാഗത്തിന് സംരക്ഷിക്കാനായി കൈ മാറിയത്. ആദ്യകാല മലയാള ലിപിയായ വട്ടെഴുത്തിലുള്ള ഈ ചെമ്പോലയിൽ അന്നത്തെ ഭരണാധികാരിയായിരുന്ന കുരുമ്പട്ട് ഇരമൻ ഇരവിവർമരെ കുറിച്ച് പരാമർശമുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബ്രാഹ്മണഗ്രാമത്തെ കുറിച്ചുള്ള രേഖ കൂടിയാണിത് എന്നാണ് അറിവ് .1998 ൽ ഒരു സ്വകാര്യ പുരാവസ്തു വ്യാപാരിയിൽ നിന്ന് പണം കൊടുത്ത് തങ്ങൾ വാങ്ങിയെന്നാണ് ബ്രിട്ടീഷ് ലൈബ്രറി അധികൃതർ ഇതേ കുറിച്ച് അന്വേഷണം നടത്തിയ ചരിത്രകാരനോട് പറഞ്ഞത്. ഈ ചരിത്രരേഖ എങ്ങിനെ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് കൈമോശം വന്നുവെന്ന് അധികൃതർ വ്യക്തമാക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച വാർത്തകൾ 2013 ഇൽ തന്നെ മാധ്യമങ്ങളിൽ വന്നിട്ടും അധികൃതർ ഇത് സംബന്ധിച്ച് അന്വേഷണം ഒന്നും നടത്തിയില്ലെന്നത് ദുരൂഹമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു മാധ്യമ പ്രവർത്തകൻ ഈ വിഷയം ഉയർത്തി കൊണ്ടുവന്നിട്ടും അധികൃതർ അനാസ്ഥ തുടരുന്നത് അംഗീകരിക്കാനാവില്ല. കോലത്തിരിയുടെ പെരിഞ്ചെല്ലൂർ ചെപ്പേട് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബ്രിട്ടീഷ് ലൈബ്രറിയിൽ എങ്ങിനെ എത്തിയെന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ഡോ ദിനേശ് കർത്താ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Posts