ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; ഹോട്ടൽ ഉടമ അറസ്റ്റിൽ
കോട്ടയം: സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ച നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. അൽഫാം കഴിച്ച് ചികിത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ രശ്മി രാജ് (33) ജനുവരി രണ്ടിനാണ് മരിച്ചത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തിരുന്നു. ബോർഡുകളും ചെടികളും നശിപ്പിച്ച പ്രവർത്തകരെ പൊലീസ് ഇടപെട്ട് തടഞ്ഞു. ആന്തരികാവയവങ്ങളിലെ അണുബാധയാണ് രശ്മിയുടെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളിലാണ് അണുബാധ സ്ഥിരീകരിച്ചത്. ഡിസംബർ 29ന് പാർക്ക് ഹോട്ടലിൽ നിന്ന് ഓൺലൈനിൽ ഓർഡർ ചെയ്ത അൽഫാം കഴിച്ച് ഒരു മണിക്കൂറിന് ശേഷം വയറിളക്കവും ഛർദ്ദിയും ഉണ്ടായി. പ്രഥമ ശുശ്രൂഷ തേടിയ ശേഷം 30ന് രശ്മിയുടെ ആരോഗ്യനില വഷളായി. തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഹോട്ടൽ പിന്നീട് ആരോഗ്യവകുപ്പ് അടച്ചുപൂട്ടി.