ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; ഹോട്ടലിലെ മുഖ്യ പാചകക്കാരൻ അറസ്റ്റില്‍
കോട്ടയം: സംക്രാന്തിയിലെ 'മലപ്പുറം കുഴിമന്തി' ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നരഹത്യാക്കുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏറ്റുമാനൂർ കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾ കാടാമ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആദ്യ അറസ്റ്റ് നടന്നത്. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രശ്മി രാജ് മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹോട്ടലിന്‍റെ ഉടമയായ മൂന്ന് മലപ്പുറം സ്വദേശികൾ ഒളിവിലാണെന്നാണ് കരുതുന്നത്.