എംബിബിഎസ് ക്ലാസിൽ പ്ലസ്ടു വിദ്യാർഥിനി ഇരുന്ന സംഭവം; കുറ്റകൃത്യമില്ല, പൊലീസ് നടപടികൾ അവസാനിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിനി എം.ബി.ബി.എസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ പൊലീസ് നടപടികൾ അവസാനിപ്പിച്ചു. ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് പൊലീസ് നടപടി. മെഡിക്കൽ അഡ്മിഷൻ ലഭിക്കാത്തതിൽ മനംനൊന്താണ് പെൺകുട്ടി ക്ലാസിൽ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ നീറ്റ് പരീക്ഷ എളുപ്പമായതിന്‍റെ സന്തോഷത്തിലാണ് പെൺകുട്ടി കുടുംബത്തോടൊപ്പം ഗോവയിലേക്ക് വിനോദയാത്രയ്ക്ക് പോയത്. ഗോവയിലെത്തിയപ്പോഴാണ് പരീക്ഷാഫലം വന്നത്. ആ സമയത്ത് റിസൾട്ട് പരിശോധിച്ചപ്പോൾ ഉയർന്ന റാങ്ക് നേടിയെന്ന് കരുതിയതിനാൽ മെഡിക്കൽ പ്രവേശനം ഉറപ്പാക്കിയിരുന്നതായി പെൺകുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇതോടെ പെൺകുട്ടിയെ അഭിനന്ദിച്ച് ഗ്രാമത്തിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഫലം പരിശോധിച്ചതിൽ തെറ്റുപറ്റിയെന്ന് പെൺകുട്ടിക്ക് മനസ്സിലായത്. തന്‍റെ റാങ്ക് 15,000ന് മുകളിലാണെന്ന് മനസിലാക്കിയ പെൺകുട്ടി വിഷാദത്തിലായി. ഇതോടെ നാട്ടുകാരെ ബോധ്യപ്പെടുത്താനായി പെൺകുട്ടി മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലെത്തി. തുടർന്ന് ക്ലാസിൽ നിന്ന് ഒരു സെൽഫി എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതെല്ലാം വ്യക്തമായത്.