കുവൈറ്റിലെ ഇന്ത്യൻ സമൂഹവും റിപ്പബ്ലിക് ദിനം ആഘോഷമാക്കി

കുവൈറ്റ് ഇന്ത്യന്‍ എംബസ്സി അങ്കണത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ നൂറുകണക്കിന് പേർ പങ്കെടുത്തു . പ്രാദേശിക സമയം രാവിലെ ഒമ്പത് മണിക്ക് സ്ഥാനപതി ഡോ. ആദർശ് സ്വൈക രാഷ്ട്രപിതാവിന്‍റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ദേശീയ പതാക ഉയര്‍ത്തി. തുടർന്ന് ഇന്ത്യൻ രാഷ്‌ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.


കുവൈറ്റിലെ ഏറ്റവും വലിയ വിദേശി സമൂഹത്തിന് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന സ്ഥാനപതി ഇന്ത്യൻ സമൂഹത്തിന് സ്വീകാര്യത നൽകുന്ന കുവൈറ്റ് ജനതക്കും ഭരണാധികാരികള്‍ക്കും നന്ദി പറഞ്ഞു. പ്രവൃത്തി ദിവസമായിരിന്നിട്ടും സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുക്കണക്കിന് പേരാണ് ആവേശപൂര്‍വ്വം റിപ്പബ്ലിക് ദിനാഘോഷപരിപാടികളിൽ പങ്കെടുത്തത്. ബൊഹ്റ കമ്മ്യൂണിറ്റി അവതരിപ്പിച്ച ബാന്‍ഡ് മേളവും, വിവിധ പ്രവാസി കൂട്ടയ്മകളും സ്കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് മിഴിവേകി.
