കുവൈറ്റ് ഇന്ത്യൻ എംബസിയിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം സംഘടപ്പിച്ചു.
കുവൈറ്റ്: വിവിധ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിക്ക് ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെയും, പത്നി ജോയ്‌സ് സിബിയുടെയും നേതൃത്വത്തിൽ എംബസി ഉദ്യോഗസ്ഥർ ആതിഥേയത്വം വഹിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ അവതരിപ്പിച്ച ക്രിസ്മസ് കരോളും, ദേശഭക്തി ഗാനങ്ങളും ആയിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം.
നാനാത്വത്തിൽ ഏകത്വം എന്ന ആപ്‌തവാക്യം മനസ്സാവരിച്ചു കൊണ്ട് എല്ലാ ഇന്ത്യക്കാരും ജാതി, മത ഭേദമന്യേ ആഘോഷങ്ങൾ ഒരേപോലെ ആഘോഷിക്കുന്നവരണെന്നും എല്ലാ പൗരന്മാർക്കും, എല്ലാ തലമുറകൾക്കും നീതിയും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയിൽ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കുന്നുവെന്നും ഇന്ത്യൻ സ്ഥാനപതി തൻറെ സന്ദേശത്തിൽ പറഞ്ഞു . ഇന്ത്യയുടെ കൊവിഡ്-19 വാക്‌സിനേഷൻ പ്രവർത്തനങ്ങളെക്കുറിച്ചും, കുവൈറ്റ് ഉൾപ്പെടെ 93 രാജ്യങ്ങളിൽ ഇന്ത്യൻ നിർമിത വാക്‌സിൻ എത്തിച്ചതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൊവിഡ് മഹാമാരിയിൽ ലോകത്തിന്റെ ഫാർമസി എന്ന വിശേഷണത്തിന് അർഹമായ ഇന്ത്യയുടെ പ്രവർത്തനങ്ങളും അദ്ദേഹം പരാമർശിച്ചു.