ഭാരതീയ പ്രകൃതി കൃഷി പദ്ധതി ഇനി പുഴയ്ക്കല്‍ ബ്ലോക്കിലും
സംസ്ഥാന കൃഷി വകുപ്പിന്റെ സുഭിക്ഷം സുരക്ഷിതം-ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് പുഴയ്ക്കല്‍ ബ്ലോക്കില്‍ തുടക്കമായി. സ്വാഭാവിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെയാണ് 'സുഭിക്ഷം സുരക്ഷിതം- ഭാരതീയ പ്രകൃതി കൃഷി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സംസ്ഥാനത്ത് 84,000 ഹെക്ടര്‍ സ്ഥലത്താണ് പൂര്‍ണമായും പ്രകൃതി സൗഹൃദ കൃഷി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ബ്ലോക്ക് തലത്തില്‍ ഒരു ക്ലസ്റ്ററിന് ചുരുങ്ങിയത് 500 ഹെക്ടര്‍ വീതം ആകെ 168 ക്ലസ്റ്ററുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ക്ലസ്റ്ററിന് 26.52 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നു. കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദ കൃഷി പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക, പരമ്പരാഗത കാര്‍ഷിക അറിവുകള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ
പ്രധാനമായും ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ കൃഷിഭവന്‍ മുഖേനയും എയിംസ് പോര്‍ട്ടല്‍ വഴിയും അപേക്ഷിക്കാം. സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും മുന്‍ഗണനയുണ്ട്. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍മാരായ ആനി ജോസ്, ടി ഡി വില്‍സണ്‍, ബ്ലോക്ക് സെക്രട്ടറി ചന്ദ്രമോഹന്‍ ബി എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ നീന കെ മേനോന്‍, പുഴയ്ക്കല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി ഉണ്ണിരാജന്‍ ചേലക്കര ഫാം ഓഫീസര്‍ പി ജി സുജിത്ത് എന്നിവര്‍ ചര്‍ച്ച ക്ലാസുകള്‍ നയിച്ചു.