ഊരിന്റെ ഉള്ളറിഞ്ഞ് കരിമ്പ്, ആനപ്പാന്തം ഊരിലെ ദൃശ്യകലാ ക്യാമ്പിന് സമാപനം
തൃശ്ശൂർ: ആനപ്പാന്തം ഊരിലെ കുരുന്നുകളില്‍ ചിരിയും ചിന്തയും ഉണര്‍ത്തിയ കരിമ്പ് ദൃശ്യകലാ ക്യാമ്പിന് ആഘോഷ പൂര്‍ണമായ പര്യവസാനം. കോവിഡ് മഹാമാരി കാലത്ത് കുട്ടികളിലെ വിരസത അകറ്റാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുമായാണ് ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്‍, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ആനപ്പാന്തം ഊരില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ദൃശ്യകലാ ക്യാമ്പ് സംഘടിപ്പിച്ചത്. കാലടി സംസ്‌കൃത സര്‍വ്വകലാശാല ദൃശ്യകലാ വിഭാഗം പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ട്രസ്പാസേഴ്സിന്റെ സഹകരണത്തോടെ നാല് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കായാണ് ക്യാമ്പ് നടത്തിയത്. ഊരിലെ 68 കുടുംബങ്ങളില്‍ നിന്നുള്ള 30 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
കളിമണ്‍ രൂപങ്ങളുടെ നിര്‍മാണം, ചിത്രകല എന്നീ ഇനങ്ങള്‍ കരിമ്പിന്റെ പ്രധാന ആകര്‍ഷകങ്ങളായിരുന്നു. കളിയും പാട്ടും നിറഞ്ഞതായിരുന്നു ക്യാമ്പിന്റെ ആദ്യ ദിനം. ആക്ടിവിറ്റി ഗെയിം എന്ന് പേരിട്ട സെഷന്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളിലെ പരസ്പര അപരിചിതത്വം മാറ്റി ക്യാമ്പിന്റെ ഭാഗമാക്കാന്‍ ഇതിലൂടെ സാധിച്ചു. പെന്‍സില്‍ ഡ്രോയിങിനായി പ്രത്യേക സെഷനും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിറങ്ങളുടെ വ്യത്യാസം, അതിന്റെ സ്വഭാവം തുടങ്ങി വിവരങ്ങളില്‍ കുട്ടികളില്‍ ധാരണയുണ്ടാക്കാന്‍ ഈ സെഷന്‍ സഹായകമായി.
ക്യാമ്പിന്റെ രണ്ടാം ദിവസം പ്രകൃതിദത്തമായി ചായങ്ങള്‍ എങ്ങനെ ഉണ്ടാക്കാം, പ്രയോഗിക്കാം എന്നത് സംബന്ധിച്ചായിരുന്നു പരിശീലനം. പ്രകൃതിദത്തമായ ചായങ്ങള്‍ ഉപയോഗിച്ചുള്ള സ്വന്തം ചിത്രങ്ങള്‍ കുട്ടികളില്‍ ആത്മവിശ്വാസം ഉയര്‍ത്തി. ക്യാമ്പിന്റെ മൂന്നാം നാള്‍ മുതലാണ് ചുമര്‍ചിത്ര രചന ആരംഭിച്ചത്. ഊരിന്റെ നിഷ്‌കളങ്കതയും തനിമയും വിളിച്ചോതുന്ന രചനകള്‍ ക്യാമ്പിനെ വേറിട്ടുനിര്‍ത്തി. ഇതിന് പുറമെ ക്യാമ്പിന്റെ ഭാഗമായി കാടാര്‍ വിഭാഗത്തിന്റെ തനത്വിഭവങ്ങളായ ചാമയരിപായസം, കൂവയില അട, കപ്പലണ്ടി പുഴുങ്ങിയത് എന്നിവ ഊരിലെ കുട്ടികള്‍ക്കായി വിതരണം ചെയ്തു.
കരിമ്പിന്റെ സമാപന ചടങ്ങ് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭു ചടങ്ങില്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം ചിത്ര സുരാജ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ഡിവിഷന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംബുദ്ധ മജുംദാര്‍, പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രേം ഷമീര്‍, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ദിവ്യ സുധീഷ്, മുന്‍ പഞ്ചായത്ത് അംഗം ജോയ് കാവുങ്ങല്‍, ആനപ്പാന്തം വനസംരക്ഷണ സമിതി സെക്രട്ടറി സി ജെ ഗ്രീഷ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ഊരിലെ കുട്ടികളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അഞ്ജന മോഹനെയും പ്ലസ്ടു പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയ ഐശ്വര്യ മോഹനെയും ചടങ്ങില്‍ ആദരിച്ചു.