റഷ്യൻ പ്രസിഡൻ്റിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി
ന്യൂ ഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യുദ്ധക്കുറ്റങ്ങൾക്കൊപ്പം ഉക്രൈനിൽ നിന്ന് കുട്ടികളെ അനധികൃതമായി കടത്തിയതിനും പുടിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതിര് കടന്ന നടപടിയാണ് കോടതിയുടേതെന്നായിരുന്നു റഷ്യയുടെ പ്രതികരണം. അംഗരാജ്യങ്ങൾക്കെതിരെ മാത്രമേ കോടതിക്ക് നടപടിയെടുക്കാൻ കഴിയൂവെന്നും റഷ്യ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമല്ലെന്നും റഷ്യ പറഞ്ഞു. ഉക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി ഈ നീക്കത്തെ സ്വാഗതം ചെയ്തു. റഷ്യയുടെ എതിർപ്പ് വകവയ്ക്കാതെ അറസ്റ്റ് വാറണ്ട് വെളിപ്പെടുത്തിയത് പുടിന്‍റെ അന്താരാഷ്ട്ര യാത്രകൾക്ക് തടസ്സമായേക്കും. ഉക്രൈനിൽ ആണവായുധം പ്രയോഗിക്കുമെന്ന പുടിന്‍റെ ഭീഷണി വെറും വാക്കുകളല്ല, യാഥാർത്ഥ്യമാണെന്ന് റഷ്യയുടെ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് ഗ്രിഗോറി യാവിലാൻസ്കി പറഞ്ഞിരുന്നു. ആണവായുധ ആക്രമണം നടത്തുമെന്ന പുടിന്‍റെ ഭീഷണി വെറും വാക്കുകളല്ല. ക്രിമിയ തിരിച്ചുപിടിക്കാൻ ഉക്രൈൻ ശ്രമിച്ചാൽ അത്തരമൊരു ആക്രമണത്തിന് സാധ്യതയുണ്ട്. പുടിന്‍റെ ഭീഷണി വെറും വാക്കുകളല്ല, കൃത്യമാണ്. അത്തരമൊരു ആക്രമണം വളരെ ഗൗരവമുള്ള കാര്യമാണ്. നിലവിലെ സാഹചര്യത്തിൽ, ഇത് ഗൗരവമായി എടുക്കണം, വെറുതെയല്ലെന്നും ഗ്രിഗറി പറഞ്ഞു.