ജിദ്ദ-കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി

കൊച്ചി: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. മൂന്ന് തവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയിൽ ഇറക്കാൻ സാധിച്ചത്. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. പൈലറ്റ് വിവരം നൽകിയതിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സ്പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിൽ 183 യാത്രക്കാര്‍ അടക്കം ആകെ 197 പേരുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.59നാണ് വിമാനത്താവളത്തിൽ ആദ്യം ജാഗ്രതാ നിർദേശം ലഭിക്കുന്നത്. തുടർന്ന് 6.29ന് സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളിലടക്കം ജാഗ്രതാ നിർദേശം നൽകി. ഏറെ പരിശ്രമത്തിനു ശേഷം 7.19നാണു വിമാനം സുരക്ഷിതമായി ഇറക്കാനായത്. നിലവിൽ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചിട്ടുണ്ട്.

Related Posts