വി എച്ച് എസ് ഇ കഴിഞ്ഞവർക്കായി തൊഴിൽ മേള സംഘടിപ്പിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വി എച്ച് എസ് ഇ കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ് സെല്ലിന്റെയും തൃശൂർ, ഇടുക്കി ജില്ലകളിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളുടെയും തൃശൂർ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ വി എച്ച് എസ് ഇ കഴിഞ്ഞവർക്കായി തൊഴിൽ മേള സംഘടിപ്പിച്ചു. രാമവർമ്മപുരം വിജ്ഞാൻ സാഗർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ നടന്ന തൊഴിൽമേള പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
27 തൊഴിൽ ദാതാക്കളും അറുനൂറോളം ഉദ്യോഗാർത്ഥികളും പങ്കെടുത്ത തൊഴിൽ മേളയിൽ 169 ഉദ്യോഗാർത്ഥികളെ ജോലിക്കായി തെരഞ്ഞെടുക്കുകയും 233 പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. വൈകിട്ട് അഞ്ചു മണിയോടെ തൊഴിൽ മേള സമാപിച്ചു.
ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി എച്ച് എസ് ഇ തൃശൂർ മേഖല അസിസ്റ്റന്റ് ഡയറക്ടർ എം ഉബൈദുള്ള, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ വി എസ് ബീന, വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്‌മെന്റ് ഓഫീസർമാരായ വി എം ഹംസ, റജി ടി എസ്, കരിയർ ഗൈഡൻസ് സംസ്ഥാന കോ ഓർഡിനേറ്റർ എ എം റിയാസ്, ജില്ലാ കോ ഓർഡിനേറ്റർമാരായ സി പ്രവീൺ, ബിനു സി നായർ എന്നിവർ പങ്കെടുത്തു.