'പത്താന്' വെല്ലുവിളിയാകാൻ 'ദി കശ്മീർ ഫയൽസ്'; ചിത്രം ജനുവരി 19 ന് റീ റിലീസ് ചെയ്യും
ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ദി കശ്മീർ ഫയൽസ്'. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച സ്വീകാര്യത നേടുകയും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നുവെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് വിവേക് അഗ്നിഹോത്രി. ദി കശ്മീർ ഫയൽസ് ജനുവരി 19 ന് വീണ്ടും റിലീസ് ചെയ്യും. ചിത്രം തിയേറ്ററിൽ പോയി കാണാൻ കഴിയാത്തവർക്ക് അവസരം നൽകുകയാണ് ലക്ഷ്യമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പത്താൻ്റെ' റിലീസിന് ഒരാഴ്ച മുമ്പാണ് 'കശ്മീർ ഫയൽസ്' പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് കശ്മീർ ഫയൽസ് തിയേറ്ററുകളിലെത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രം രാജ്യത്തുടനീളം 630 തിയേറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തത്. എന്നിരുന്നാലും, വിതരണക്കാരെയും അണിയറ പ്രവർത്തകരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചിത്രത്തിന് മികച്ച കളക്ഷൻ ലഭിച്ചു. തുടർന്ന് തിയറ്റർ ഉടമകളുടെ അഭ്യർത്ഥന മാനിച്ച് ചിത്രത്തിന്‍റെ സ്ക്രീൻ കൗണ്ട് 2,000 ആയി ഉയർത്തി. രണ്ടാം ആഴ്ച ഇത് 4,000 ആയിരുന്നു. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മണ്ട്ലേക്കർ, പുനീത് ഇസ്സാർ, പ്രകാശ് ബെലവാഡി, അതുൽ ശ്രീവാസ്തവ, മൃണാൾ കുൽക്കർണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.