കൊലപാതകം നടത്തിയത് പാർട്ടിക്ക് വേണ്ടി; വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി

കണ്ണൂർ: എടയന്നൂർ ഷുഹൈബ് വധക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്. "എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാൻ കഴിയില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് സ്വർണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. എന്‍റെ ക്ഷമ നഷ്ടപ്പെട്ടതിനാലാണ് ഞാൻ ഇപ്പോൾ തുറന്നുപറയുന്നത്," -ആകാശ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്‍റായാണ് ആകാശ് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സി.പി.എമ്മിന് പരാതി ലഭിച്ചു.  ആകാശ് മട്ടന്നൂരിലെ പാർട്ടി നേതാക്കളെ അപകീർത്തിപ്പെടുത്തുകയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പാർട്ടി ഇടപെടണമെന്ന് ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ആകാശിന്‍റെ ക്വട്ടേഷൻ ബന്ധം ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ ആരോപിച്ചു.  

Related Posts