ഇനി 'മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ്'; വീണ്ടും പേരിൽ മാറ്റം വരുത്തി കൊൽക്കത്ത ടീം
കൊൽക്കത്ത: ഐഎസ്എൽ ചാമ്പ്യൻമാരായതിന് പിന്നാലെ പേരിൽ മാറ്റം വരുത്തി എടികെ മോഹൻ ബഗാൻ. അടുത്ത സീസൺ മുതൽ 'മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ്' എന്ന പേരിലാണ് മത്സരിക്കുന്നതെന്ന് മോഹൻ ബഗാൻ ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞു. ശനിയാഴ്ച നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടിയത്. കൊൽക്കത്തയുടെ പുരാതന ക്ലബ്ബായ മോഹൻ ബഗാനും ഐഎസ്എൽ ക്ലബ്ബായ എടികെയും ഒത്തുചേർന്നപ്പോഴാണ് ടീമിന് എടികെ മോഹൻ ബഗാൻ എന്ന് പേരിട്ടത്. ഇന്ത്യൻ ഫുട്ബോളിന്‍റെ പാരമ്പര്യവും മഹത്വവുമുള്ള മോഹൻ ബഗാന്‍റെ പേരിനോട് എടികെ എന്ന് കൂടി ഉൾപ്പെടുത്തിയതിനോട് ആരാധകർ വിയോജിപ്പറിയിച്ചിരുന്നു. പുതിയ പേരുമാറ്റത്തിലൂടെ നഷ്ടപ്പെട്ട ആരാധക പിന്തുണ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ക്ലബ് അധികൃതർ.