അവസാനത്തെ ഫ്രഞ്ച് രാജ്ഞിയുടെ വജ്രാഭരണം ലേലത്തിൽ പോയത് 8.18 മില്യൺ ഡോളറിന്
പരമാവധി പ്രതീക്ഷിച്ചത് 2 മില്യൺ ഡോളറിനും 4 മില്യൺ ഡോളറിനും ഇടയിലുള്ള തുക. കിട്ടിയത് 8.18 മില്യൺ ഡോളർ! ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 60 കോടി രൂപയിൽ കൂടുതൽ! അവസാനത്തെ ഫ്രഞ്ച് രാജ്ഞി മേരി അൻ്റോനെറ്റിൻ്റെ കൈയിലണിഞ്ഞ ഡയമണ്ട് ബ്രേസ് ലറ്റാണ് ക്രിസ്റ്റീസിൻ്റെ ലേലത്തിൽ എല്ലാ കണക്കുകൂട്ടലുകളെയും മറികടന്ന് അവിശ്വസനീയ തുകയ്ക്ക് വിറ്റുപോയത്. രാജ്ഞിയുടെ വജ്രാഭരണം സ്വന്തമാക്കിയ വ്യക്തിയുടെ പേര് ക്രിസ്റ്റീസ് പുറത്തുവിട്ടിട്ടില്ല.
നീല വെൽവെറ്റ് ബോക്‌സിലാണ് കൈച്ചെയിനുകൾ സൂക്ഷിച്ചിരുന്നത്. 200-ഓളം വർഷമായി കുടുംബത്തിൻ്റെ സ്വകാര്യ ശേഖരത്തിലായിരുന്നു ആഭരണങ്ങൾ. രണ്ട് ചെയിനുകളിലുമുള്ള മൂന്ന് സ്ട്രിങ്ങുകളിലായി ആകെ 112 രത്നങ്ങളുണ്ട്. വലിയ ബാരറ്റ് ക്ലാപ്പ് കൂടി അടങ്ങിയതാണ് ആഭരണം. സ്വർണവും വെളളിയും ഉൾപ്പെടെ ഓരോ കൈച്ചെയിനും 97 ഗ്രാം വീതം ഭാരമുണ്ട്.
വിപ്ലവത്തിന് മുമ്പുള്ള ഫ്രാൻസിൻ്റെ അവസാനത്തെ രാജ്ഞിയായിരുന്നു മേരി അൻ്റോനെറ്റ്. പട്ടിണികൊണ്ട് പൊറുതി മുട്ടിയ ജനങ്ങളോട് "റൊട്ടിയില്ലെങ്കിൽ നിങ്ങൾക്ക് കേക്ക് തിന്നുകൂടേ" എന്ന വിചിത്രമായ പ്രതികരണത്തിലൂടെ അവർ സൃഷ്ടിച്ച കുപ്രസിദ്ധിയും ജനരോഷവും ചില്ലറയല്ല. റൊട്ടിക്കായി ജനങ്ങൾ തെരുവിൽ വലയുമ്പോൾ ആഡംബര ജീവിതമാണ് കൊട്ടാരത്തിൽ രാജ്ഞി നയിച്ചത്. ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും ആഡംബര വസ്ത്രങ്ങളുമാണ് അണിഞ്ഞിരുന്നത്. രാജ്ഞിയുടെ ജീവിത രീതിയും ദുർഭരണവും ഏറെ ഒച്ചപ്പാടും കോലാഹലവും ഉണ്ടാക്കിയിരുന്നു. ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാജ്ഞിയായാണ് മേരി അൻ്റോനെറ്റ് അറിയപ്പെടുന്നത്.
പട്ടിണിപ്പാവങ്ങളോട് യോഗ ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഭരണാധികാരികൾ മേരി അൻ്റോനെറ്റിനെ ഓർമിപ്പിക്കുന്നു എന്ന സുപ്രീം കോടതി മുൻ ജഡ്ജ് മാർക്കണ്ഡേയ കഠ്ജുവിൻ്റെ പരിഹാസം അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.