യുഎഇ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു
ദുബായ്: യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവറിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യു.എ.ഇ സമയം ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന വിക്ഷേപണം നാളത്തേക്ക് മാറ്റി. നിരവധി തവണ മാറ്റിവെച്ച വിക്ഷേപണം നാളെ (ഡിസംബർ 1) യു.എ.ഇ സമയം ഉച്ചയ്ക്ക് 12.37ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 40 പാഡിൽ നിന്ന് വിക്ഷേപിക്കും. നവംബർ 22നാണ് റാഷിദ് റോവർ വിക്ഷേപണം ആദ്യം നിശ്ചയിച്ചിരുന്നത്. ഇത് നവംബർ 28ലേക്ക് മാറ്റി. തുടർന്ന് നവംബർ 30ന് വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം അതും മാറ്റുകയായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി റാഷിദ് റോവർ വിക്ഷേപണം നാളത്തേക്ക് മാറ്റിയതായി സ്പേസ് എക്സ് ട്വീറ്റ് ചെയ്തു.