മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ മധുവിന്റെ വീട്ടിലെത്തി, സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം. മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകാൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകർ മധുവിന്റെ കുടുംബത്തെ സന്ദർശിച്ചു. നിലവിലെ അന്വേഷണത്തിൽ കുടുബം തൃപ്തരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് അവരുടെ ആവശ്യമെന്നും അഭിഭാഷകൻ വി നന്ദകുമാർ അറിയിച്ചു. പുനരന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രതികളിൽ നിന്നു പണം കൈപ്പറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെന്നും മധുവിന്റെ സഹോദരിക്ക് പരാതിയുണ്ട്. ഇത്തരത്തിൽ അപമാനിച്ചവർക്കെതിരെ അഗളി പൊലീസിൽ പരാതിപ്പെടാനും പരാതിയുടെ പകർപ്പു മുഖ്യമന്ത്രിക്കു നൽകാനും നിർദേശിച്ചു. നിയമപരമായ എല്ലാ സഹായങ്ങളും നൽകും

മധു കൊല്ലപ്പെട്ട് 4 വർഷമായിട്ടും കേസിന്റെ വിചാരണ തുടങ്ങിയിരുന്നില്ല. മധുവിനു വേണ്ടി നിയോഗിക്കപ്പെട്ട അഭിഭാഷകനു കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് അറിഞ്ഞാണ് കുടുംബത്തിന് ആവശ്യമായ നിയമസഹായം നൽകാൻ മമ്മൂട്ടി സന്നദ്ധത അറിയിച്ചത്.

‘കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന കാര്യത്തിൽ സംശയമില്ല. നാല് വർഷത്തോടടുക്കുമ്പോൾ പൊലീസ് അന്വേഷണത്തിൽ ഇത് തെളിയാനുമിടയില്ല. ഈ ആശങ്ക പൂർണമായും പരിഹരിക്കുന്നതിന് വിദഗ്ധ അന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവം നികത്തി സർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെയാകും മണ്ണാർക്കാട് കോടതിയിലെ വിചാരണ. കുടുംബത്തിന്റെ ആശങ്ക നീക്കി ഇക്കാര്യത്തിൽ നിയമപരമായ എല്ലാ സഹായങ്ങളും നൽകും- നന്ദകുമാർ അറിയിച്ചു.

താഴെ ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തിയാണ് അമ്മ മല്ലിയെയും സഹോദരി സരസുവിനെയും കണ്ടത്. അഭിഭാഷകരായ ടി ബാലകുമാർ കോയമ്പത്തൂർ, എസ് സുദർശനൻ ചെന്നൈ, രോഹിത്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ ട്രഷറർ വിനോദ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Related Posts