കർഷക പ്രക്ഷോഭത്തിന് ഐതിഹാസിക വിജയം, വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം

വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു വർഷക്കാലമായി രാജ്യതലസ്ഥാനത്തും ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലുമായി കർഷകർ നടത്തിവന്ന സമര പോരാട്ടങ്ങൾക്കാണ് ഇതോടെ അന്തിമ വിജയം കൈവന്നിരിക്കുന്നത്.

രാജ്യം തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ കർഷകരുടെ ഉന്നമനത്തിനാണ് താൻ പരമ പ്രാധാന്യം നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകർ നേരിടുന്ന പ്രയാസങ്ങൾ നേരിടാൻ ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നു. നല്ല ഉദ്ദേശ്യത്തോടെയാണ് കാർഷിക നിയമങ്ങൾ രൂപീകരിച്ചത്. എന്നാൽ കർഷകരെ ഇക്കാര്യം ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഒരു വിഭാഗം കർഷകർ നിയമങ്ങളെ എതിർക്കുകയാണ്. പുതിയ നിയമങ്ങളെപ്പറ്റി അവരെ ബോധവത്കരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനാൽ മൂന്നു നിയമങ്ങളും ഈ മാസം അവസാനത്തോടെ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ വെച്ച് റദ്ദാക്കും. ഗുരു നാനാക്ക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം വന്നിരിക്കുന്നത്.

Related Posts