കാലിന് പരിക്കേറ്റ പുലി; സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് പിടികൂടി
പത്തനംതിട്ട: ആങ്ങമൂഴി മുരിപ്പേൽ സ്വദേശി സുരേഷിൻ്റെ പുരയിടയിൽ നിന്ന് ഒരു വയസിൽ താഴെ മാത്രം പ്രായമുള്ള പുലിയെ പരിക്കുകളോടെയാണ് പിടികൂടിയത്.
രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള തൊഴുത്തിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്നാണ് വീട്ടുകാർ ശ്രദ്ധിച്ചത്. കാലിന് പരിക്കേറ്റ അവശ നിലയിലായിരുന്നു പുലി. ഉടൻ തന്നെ വീട്ടുകാർ നൽകിയ വിവരമനുസരിച്ച് വനം വകുപ്പ് സ്ഥലത്തെത്തി. വല വിരിച്ച് പ്രത്യേക കൂട്ടിലേക്ക് മാറ്റി. റാന്നി വനംവകുപ്പ് ഓഫിസിലേക്ക് മാറ്റുകയും ചെയ്തു.
വെറ്റിനറി ഡോക്ടർമാരടങ്ങിയ സംഘം പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. ഡിഎഫ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധനകൾ നടന്നത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്ന മുറയ്ക്ക് പുലിയെ ഗൂഡ്രിക്കൽ വനമേഖലയിലെ ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് അറിയിച്ചു.