കള്ളം പൊളിഞ്ഞു; മുന്‍കാല പ്രാബല്യത്തോടെ ശമ്പളം ആവശ്യപ്പെട്ട് ചിന്ത അയച്ച കത്ത് പുറത്ത്
തിരുവനന്തപുരം: വർദ്ധിപ്പിച്ച ശമ്പളത്തിന് മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം അയച്ച കത്ത് പുറത്ത്. യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. കത്ത് നൽകിയിട്ടില്ലെന്നാണ് ചിന്ത ഇതുവരെ പറഞ്ഞിരുന്നത്. ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ 8.5 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇത് ചിന്ത തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണെന്നും ഉത്തരവിൽ പറയുന്നു. ഇത് സാധൂകരിക്കുന്ന കത്താണ് പുറത്തുവന്നത്. ചിന്താ ജെറോമിന്‍റെ തന്നെ ലെറ്റർഹെഡിൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്താണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ചിന്താ ജെറോമിന് വർദ്ധിപ്പിച്ച ശമ്പളം മുൻകാല പ്രാബല്യത്തോടെ നൽകാൻ ധനവകുപ്പ് അനുമതി നൽകിയത് വിവാദമായപ്പോൾ കുടിശ്ശിക ചോദിച്ചിട്ടില്ലെന്ന് ചിന്ത മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അത്തരമൊരു കത്ത് ഉണ്ടെങ്കിൽ, അത് പുറത്തുവിടാനും ചിന്ത പറഞ്ഞിരുന്നു.