"അരികെ നിന്ന'': ഹൃദയത്തിലെ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ റിലീസ് ഇന്നില്ല

ഇന്ന് വൈകീട്ട് ഷെഡ്യൂൾ ചെയ്തിരുന്ന "അരികെ നിന്ന" എന്ന 'ഹൃദയ'ത്തിലെ രണ്ടാമത്തെ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ റിലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചെന്ന് ചിത്രത്തിൻ്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ. അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലം റിലീസ് മാറ്റിവെയ്ക്കുകയാണെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് വിനീത് അറിയിച്ചത്. എല്ലാ മ്യൂസിക് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിലും ഗാനം ഇന്ന് വൈകീട്ട് 6 മണിക്ക് തന്നെ പുറത്തിറക്കുമെന്നും ലിറിക്കൽ വീഡിയോ റിലീസ് മാത്രമാണ് മാറ്റിവെയ്ക്കുന്നതെന്നും അറിയിപ്പിലുണ്ട്.

വൻവിജയമായ 'ദർശന' എന്ന ആദ്യ ഗാനത്തിനു ശേഷം റിലീസിങ്ങ് പ്രഖ്യാപിച്ചിരുന്ന രണ്ടാമത്തെ ഗാനമാണ് "അരികെ നിന്ന." അരുൺ ഏളാട്ടാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ജോബ് കുരിയൻ ആണ് ആലാപനം.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ച അന്നുമുതൽ ശ്രദ്ധ നേടിയിരുന്നു. പഴയകാല പ്രൊഡക്ഷൻ കമ്പനിയായ മെരിലാൻഡിൻ്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഹൃദയം. സംഗീത പ്രധാനമായ ചിത്രത്തിൽ 15 ഗാനങ്ങളുണ്ട്. പഴയകാല ഓഡിയോ കാസറ്റ് വഴിയും ഗാനങ്ങൾ പുറത്തിറക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Related Posts