പ്രധാനമന്ത്രിയുടെ 4 മണിക്കൂറിന് 23 കോടി ചെലവാക്കി മധ്യപ്രദേശ് സർക്കാർ
സ്വാതന്ത്ര്യസമര പോരാളി ബിർസ മുണ്ഡയുടെ സ്മരണയിൽ സംഘടിപ്പിക്കുന്ന ജനജാതീയ ഗൗരവ് ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ നവംബർ 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിലെത്തും. വിശാലമായ ജംബോരി മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ രണ്ട് ലക്ഷം ഗോത്രവർഗക്കാരെയാണ് പങ്കെടുപ്പിക്കുന്നത്. ചടങ്ങിൽ വെച്ച് രാജ്യത്തെ ആദ്യത്തെ സർക്കാർ-സ്വകാര്യ മേഖലാ സംയുക്ത സംരംഭമായ ഹബീബ് ഗഞ്ച് റെയിൽവേ സ്‌റ്റേഷൻ മോദി രാഷ്ട്രത്തിന് സമർപിക്കും.
നാല് മണിക്കൂറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലിൽ തങ്ങുന്നത്. അതിൽ ഒന്നേകാൽ മണിക്കൂറും ജംബോരി മൈതാനിയിൽ തന്നെയാണ് ചെലവഴിക്കുന്നത്. 23 കോടി രൂപയാണ് പരിപാടിക്കായി സർക്കാർ ചെലവാക്കുന്നത്. അതിൽ 13 കോടിയും ആദിവാസി, ഗോത്ര ജനവിഭാഗങ്ങളെ മൈതാനത്തേക്ക് കൊണ്ടുവരാനുള്ള ഗതാഗതച്ചെലവാണ്. 52 ജില്ലകളിൽ നിന്നുള്ള ആദിവാസി ഗോത്രവർഗ ജനതയെ കൊണ്ടുവരാനും അവരുടെ ഭക്ഷണം, സ്റ്റേ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഭീമമായ തുകയാണ് ചെലവാക്കുന്നത്. പന്തലിലുള്ള അഞ്ച് ഡോമുകൾക്കും മറ്റ് അലങ്കാര പണികൾക്കും ടെൻ്റുകൾക്കും പ്രചാരണങ്ങൾക്കുമായി പത്തുകോടിയോളം ഇതിനോടകം ചെലവാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ 47 നിയമസഭാ മണ്ഡലങ്ങൾ ഗോത്രവർഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടതാണ്. 2008-ൽ 29 സീറ്റുകൾ ബിജെപി നേടിയിരുന്നു. 2013-ൽ സീറ്റുകളുടെ എണ്ണം 31 ആയി ഉയർന്നു. എന്നാൽ 2018-ൽ 16 സീറ്റുകൾ മാത്രമാണ് പാർടിക്ക് ലഭിച്ചത്.