പ്രധാനലക്ഷ്യം സാമ്പത്തിക സ്ഥിരത ഉറപ്പാക്കൽ, രാജ്യത്തെ കടത്തിലേക്ക് തള്ളിവിടില്ല: ഋഷി സുനക്

ലണ്ടന്‍: യു കെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാനമന്ത്രി ഋഷി സുനക്. യു കെ പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് സുനകിന്റെ പ്രസ്താവന. വരും തലമുറകളെ കടത്തിലേക്ക് തള്ളിവിടില്ലെന്നും രാജ്യത്തെ ഒരുമിപ്പിക്കു​മെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാനലക്ഷ്യം. കടുത്ത തീരുമാനങ്ങൾ വരുംനാളുകളിൽ പ്രതീക്ഷിക്കാമെന്നും സുനക് പറഞ്ഞു. മുൻ പ്രധാനമന്ത്രി ലിസ് ട്രസിനും സുനക് നന്ദിയറിയിച്ചു. "അവരുടെ തീരുമാനങ്ങൾ തെറ്റായിരുന്നില്ല. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നല്ല ഉദ്ദേശം മാത്രമാണ് അവർക്കുണ്ടായിരുന്നത്. മാറ്റമുണ്ടാക്കാനുള്ള വിശ്രമമില്ലാത്ത അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു." സുനക് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പ് ചാൾസ് രാജാവുമായി ഋഷി സുനക് കൂടിക്കാഴ്ച നടത്തിയിരുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയാണ് സുനക് ചാൾസ് രാജാവിനെ കണ്ടത്.

Related Posts