ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുക പ്രധാന ഉത്തരവാദിത്വം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 16.69 കോടി രൂപ വിനിയോഗിച്ച് സംസ്ഥാനത്തെ 158 ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ദ്രം മിഷന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രോഗികള്‍ക്ക് ആര്‍ദ്രതയോടെയുള്ള ചികിത്സ ലഭിക്കുന്നു എന്നത് ഉറപ്പാക്കുന്നുണ്ട്. വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ഇത്തരം പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിലൂടെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ ഒരു പടവ് കൂടി കയറുകയാണ് എന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വെല്ലുവിളി ഘട്ടം നേരിട്ട് അസുഖത്തിന്റെ തീവ്രത കുറക്കുന്നതിനും അതിജീവിക്കുന്നതിനുമുള്ള കൂട്ടായ പരിശ്രമമാണ് നടക്കുന്നത്. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമാന്തരമായി ആരോഗ്യമേഖലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കുന്നുണ്ട്.

ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഏറ്റെടുത്തിരിക്കുന്ന പ്രധാന ദൗത്യം ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുക എന്നതാണ്. പരിശോധനകള്‍ കൂട്ടുന്നതിനായി ലബോറട്ടറി നെറ്റ്വര്‍ക്കുകള്‍ ശാക്തീകരിക്കും. 2025 ഓടെ കേരളത്തില്‍നിന്ന് ക്ഷയരോഗം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാനുള്ള ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ്, നിപ തുടങ്ങിയ അസുഖങ്ങള്‍ക്കെതിരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് പ്രവര്‍ത്തകരെ മന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. ചടങ്ങിന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രാഖടെ അധ്യക്ഷത വഹിച്ചു.

Related Posts