മണപ്പുറം മേഖലയിൽ വിവിധ കർമ്മമണ്ഡലങ്ങളിൽ അംഗീകാരം നേടിയ പ്രതിഭാശാലികളെ മണപ്പുറം സമീക്ഷ ആദരിച്ചു

തളിക്കുളം: ബ്ളൂമിംഗ് ബഡ്‌സ് സ്കൂളിൽ വെച്ച് നടന്ന മണപ്പുറം സമീക്ഷയുടെ സ്നേഹാദരം പരിപാടി പ്രശസ്ത മലയാള കഥാകൃത്ത് അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. ഭാവിയിലേക്ക് കുതിക്കാനുള്ള ഊർജ്ജമായി നമ്മുടെ സംസ്കാരത്തെ ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും, മണപ്പുറം സമീക്ഷ അതിന്റെ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചു കൊണ്ടിരിക്കുന്നത് അതിന് വേണ്ടിയാണെന്നും സമീക്ഷയിലൂടെ മണപ്പുറത്തിന്റെ സംസ്കാരം തിരിച്ചു പിടിക്കാൻ സാധിക്കുമെന്നും അശോകൻ ചെരുവിൽ അഭിപ്രായപ്പെട്ടു.

ഫാസിസ്റ്റ് ശക്തികൾ ലോകത്താകമാനം മാനസിക അടിമത്തം സൃഷ്ടിക്കുകയാണെന്നും, ചിന്തകളും വാക്കുകളും പ്രവൃത്തികളും സമന്വയിക്കുന്നിടത്താണ് യഥാർത്ഥ സംസ്കാരം രൂപം കൊള്ളുന്നതെന്ന് പ്രശസ്ത ചിന്തകൻ അജിത് കൊളാടി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു. പ്രൊഫ: ടി ആർ ഹാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറത്തെ വിവിധ മേഖലകളിൽ പുരസ്കാര ജേതാക്കളായ പ്രതിഭകളെ അനുമോദിച്ചു.

കവിയും സാംസ്‌കാരിക പ്രവർത്തകനും ആയ പി എൻ ഗോപീകൃഷ്ണൻ, മികച്ച ഗാനരചയിതാവിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കേരള സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി രമേശൻ മാസ്റ്റർ, ഗുരുവായൂർ ദേവസ്വത്തിന്റെ ക്ഷേത്രകലാ പുരസ്കാരം നേടിയ ഓട്ടൻതുള്ളൽ വേദിയിലെ കലാകാരൻ മണലൂർ ഗോപിനാഥ്, സംസ്ഥാന സർക്കാരിൻറെ അംഗീകാരങ്ങൾക്ക് അർഹമായ സിനിമ ഭാരത-പുഴയുടെ ഡയറക്ടർ മണിലാൽ, നിരവധി സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ച ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയുടെ സംവിധായകൻ ഷൈജു അന്തിക്കാട്, ലൈഫ് ഓഫ് ലീഫ് എന്ന ഷോർട്ട് ഫിലിമിന് പുരസ്‌കാരങ്ങൾ ലഭിച്ച ഡോക്യുമെൻററി ഷോർട്ട് ഫിലിം ഡയറക്ടറും, ചിത്രകാരനും, എഴുത്തുകാരനും ഫോട്ടോഗ്രാഫറും ആയ ഇമ ബാബു, കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന കാർട്ടൂൺ പുരസ്കാരം നേടിയ ദിൻ രാജ്, ഭൂമി സീഡ് ഓൺലൈൻ പാചക മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ആദിലക്ഷ്മി, 67 ദിവസംകൊണ്ട തളിക്കുളത്ത് നിന്നും ലഡാക്കിലേക്ക് 8000 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി മടങ്ങിയെത്തിയ അരുൺദേവ്, കാലുകൊണ്ട് പന്ത് അമ്മാനമാടി നോബൽ ഗിന്നസ് റെക്കോർഡ് കൈവരിച്ച അഞ്ചാം ക്‌ളാസ് വിദ്യാർത്ഥി എൻ ജി അനയ്, 150 സ്റ്റെൻസിൽ പോർട്രൈറ്റ് ചിത്രം അഞ്ചു ദിവസം കൊണ്ട് പൂർത്തിയാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ തളിക്കുളം സ്വദേശി ഹിബ.എന്നിവരാണ് മണപ്പുറം സമീക്ഷയുടെ ആദരം ഏറ്റുവാങ്ങിയത്.

2020 -21 വർഷങ്ങളിൽ വിവിധ മേഖലകളിലുള്ള മികവിനാണ് അംഗീകാരം. പി എൻ പ്രോവിന്റ് ചടങ്ങിന് സ്വാഗതം പറഞ്ഞു. വി എൻ രണദേവ്, ഇ എ സുഗതകുമാർ, ബകുൾ ഗീത്, തുടങ്ങിയവർ സംസാരിച്ചു.

Related Posts