മാൻഡസ് പ്രഭാവം ഇന്നും ശക്തമായി തുടരും; 7 ജില്ലകളിൽ ജാഗ്രത, മത്സ്യബന്ധനം പാടില്ല
തിരുവനന്തപുരം: മാൻഡസ് സ്വാധീനത്തിൽ ഇന്നും കേരളത്തിൽ മഴ ശക്തമായി തുടരും. ഇന്നും നാളെയും കേരളത്തിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തമിഴ്നാട്ടിൽ നാശം വിതച്ച മാൻഡസ് ചുഴലിക്കാറ്റ് ദുർബലമാകുകയും ചക്രവാത ചുഴിയായി മാറുകയും ചെയ്തതാണ് ഇതിന് കാരണം. വടക്കൻ കേരള-കർണാടക തീരം വഴി തെക്കുകിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച് ഡിസംബർ 13 ഓടെ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകന്നുപോകാൻ സാധ്യതയുണ്ട്. ഇക്കാരണത്താൽ ഡിസംബർ 13 വരെ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡിസംബർ 13 വരെ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.