സെഞ്ചുറി തികച്ച് ഇന്ത്യ; ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടം100 കടന്നു
ഹാങ്ചൗ : ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി. 100 മെഡലുകളെന്ന സ്വപ്നംനേട്ടം ഇന്ത്യ കൈവരിച്ചു. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്‌പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വർണം നേടി. സ്‌കോർ 26-25. കബഡി സ്വർണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകൾ കൂടി നേടിയതോടെയാണ് ഇന്ത്യ സെഞ്ച്വറി തൊട്ടത്.
25 സ്വർണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ കോമ്പൗണ്ട് വ്യക്തിഗത സ്വർണം ജ്യോതി വെന്നം നേടി. വനിതാ ടീം ഇനത്തിലും മിക്‌സഡ് ടീമിനത്തിലും ജ്യോതി സ്വർണം നേടിയിരുന്നു.
പുരുഷൻമാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റണിലും ഇന്ത്യ മെഡൽ ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ചൈനയിലെ ഇന്ത്യയുടെ മെഡൽ വേട്ട 100 കടന്ന് കുതിക്കുമെന്ന ഉറപ്പായി. ഇന്ത്യയുടെ അഥിതി സ്വാമിക്ക് വ്യക്തിഗത ഇനത്തിൽ വെങ്കലമുണ്ട്. പുരുഷ വിഭാഗത്തിൽ സ്വർണവും വെള്ളിയും ഇന്ത്യ നേടി. ഓജസ് സ്വർണവും അഭിഷേക് വർമ വെള്ളിയും നേടി.