നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിനുള്ള മാധ്യമവിലക്ക് നീക്കണം; കത്ത് നൽകി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തുന്നതിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു നിയമസഭയിലെ കീഴ്‌വഴക്കം. എന്നാൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് റദ്ദാക്കുകയായിരുന്നു. ലോകമെമ്പാടും കൊവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കൊവിഡ് പ്രോട്ടോക്കോൾ പിന്‍വലിക്കുകയും ചെയ്തിട്ടും മാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കിയിട്ടില്ല. മാധ്യമ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഒരു ജനാധിപത്യ സംവിധാനത്തിൽ നിയമനിർമ്മാണസഭകൾ, ഭരണസംവിധാനം, നീതി നിർവഹണ സംവിധാനം എന്നിവയ്ക്കൊപ്പം നാലാം തൂണാണ് മാധ്യമങ്ങൾ. ജനാധിപത്യത്തിന്‍റെ മഹത്വവും സൗന്ദര്യവും ഈ 4 തൂണുകളും ഒരുപോലെ ശക്തവും കർമ്മനിരതവുമാകുന്നതാണെന്ന് അദ്ദേഹം കത്തിൽ പറയുന്നു.

Related Posts