മദര്‍ തെരേസ പകര്‍ന്ന് നല്‍കിയത് സഹജീവികളെ സംരക്ഷിക്കാനുള്ള ഊര്‍ജം: മന്ത്രി ഡോ. ആര്‍ ബിന്ദു

മദര്‍ തെരേസ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

സഹജീവികളെ സംരക്ഷിക്കാനുള്ള ഊര്‍ജ്ജമാണ് മദര്‍ തെരേസയുടെ ഓര്‍മകള്‍ നമുക്ക് പകര്‍ന്ന് നല്‍കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹ്യനീതി വകുപ്പും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച മദര്‍ തെരേസ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചം സമൂഹത്തിലെ സഹജീവികളില്‍ പ്രസരിപ്പിക്കണം എന്നതാണ് മദര്‍ തെരേസയ്ക്ക് വേണ്ടി നാം ഏറ്റെടുക്കേണ്ട മുദ്രാവാക്യം. സമൂഹത്തിലെ കഷ്ടതകള്‍ അനുഭവിക്കുന്ന ഒരുപാട് മനുഷ്യരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തുവെന്ന മഹദ്കര്‍മ്മം ഭൂമിയില്‍ ധീരമായി നിറവേറ്റിയ മാതൃകാ വ്യക്തിത്വമാണ് മദര്‍ തെരേസ. ലോകത്തിലെ മനുഷ്യരുടെ ജീവിതത്തിലേക്ക് മദര്‍ തെരേസ പകര്‍ന്നുനല്‍കിയ സാഹോദര്യത്തിന്റെയും കനിവിന്റെയും ആ നനവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആ പാത പിന്തുടര്‍ന്ന് നിരാലംബരെ ചേര്‍ത്ത് പിടിക്കുവാനും അവര്‍ക്ക് കൈത്താങ്ങാകുവാനും നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ രണ്ടായിരത്തോളം കാരുണ്യഭവനുകള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളിലെ അന്തേവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും അവര്‍ക്ക് സ്‌നേഹത്തിന്റെ കരങ്ങള്‍ നീട്ടുകയും ചെയ്യുന്ന സുമനസ്സുകളെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

ആലംബമില്ലാത്തവരെ പുനരധിവസിക്കാന്‍ അര്‍ത്ഥപൂര്‍ണ്ണമായ ദൗത്യം ഏറ്റെടുത്ത് സര്‍ക്കാരും സംഘടനകളും സമൂഹവും വ്യക്തികളും ഒരുമിച്ച് കൈകോര്‍ക്കുമ്പോഴാണ് ഇത്തരം സ്ഥാപനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുപോവുക. ആരും ഈ ഭൂമിയില്‍ തനിച്ചാകുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കനിവിന്റെയും അലിവിന്റെയും ഉറവ വറ്റാത്ത മനുഷ്യമനസ്സുകള്‍ മദര്‍ തെരേസയുടെ പാത പിന്തുടര്‍ന്ന് എന്നുമുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദിനാചരണത്തിന്റെ ഭാഗമായി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും കീഴിലുള്ള വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

കുരിയച്ചിറ സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റര്‍ മുഖ്യാതിഥിയായി. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആന്‍സി ജേക്കബ് പുലിക്കോട്ടില്‍, സാമൂഹ്യനീതി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുഭാഷ് കുമാര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുള്ള, മെമ്പര്‍മാരായ റവ. ഫാദര്‍ ലിജോ ചിറ്റിലപ്പിള്ളി, ഡോ. പുനലൂര്‍ സോമരാജന്‍, സെക്രട്ടറി എം കെ സിനുകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോയ്‌സി സ്റ്റീഫന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Posts