കരിപ്പൂരിനെ തകർക്കരുത്; വിദേശ കാര്യ സഹമന്ത്രിയും കേരള എംപി മാരും വ്യോമയാന മന്ത്രിയുമായി ചർച്ച നടത്തി
കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയുടെ നീളം കുറയ്ക്കാനും അതുവഴി വിമാനത്താവളത്തെ തകർക്കാനുമുള്ള നീക്കത്തിനെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ മലബാറിലെ എം പി മാരുടെ സംഘം വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി ചർച്ച നടത്തി. റൺവേ വെട്ടിച്ചുരുക്കിയാൽ ഉണ്ടാകാവുന്ന വലിയ വിമാനങ്ങളുടെ സർവ്വീസ് പുനഃരാരംഭിക്കുന്നത് വൈകുന്നതടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എത്രയും പെട്ടെന്ന് വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കണമെന്നും ഹജ്ജ് എംബാർക്കേഷൻ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
റൺവേ വെട്ടിച്ചുരുക്കാനുള്ള ഒരു തീരുമാനവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോ (ഡിജിസിഎ ) എടുത്തിട്ടില്ലെന്നും മന്ത്രി ചർച്ചയിൽ വ്യക്തമാക്കി. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് തന്റെ മുൻപിൽ എത്തിയിട്ടില്ലെന്നും അത് ലഭിച്ച ശേഷം ഇക്കാര്യത്തിൽ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ചർച്ചയുടെ ഫലം മന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് വിശദീകരിച്ചു. റൺവേയെ സംബന്ധിച്ച് ഒരു തീരുമാനവും വ്യോമയാന വകുപ്പോ എയർപോർട്ട് അതോറിറ്റിയോ എടുത്തിട്ടില്ലെന്നും തൽസംബന്ധമായ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവള ഉപദേശക സമിതിയുടെ പ്രമേയങ്ങൾ അടങ്ങിയ മെമ്മോറാണ്ടം ചെയർമാൻ ഡോ. എം പി അബ്ദുസ്സമദ് സമദാനിയും, കോ-ചെയർമാൻ എം കെ രാഘവനും എം പി മാർ ഒപ്പിട്ട നിവേദനം മന്ത്രിക്ക് സമർപ്പിച്ചു. എം പി മാരായ ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ്, രാജ്മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ എന്നിവരും പങ്കെടുത്തു. വ്യോമയാന ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടന്നത്.