അട്ടപ്പാടിയിലെ ചിൽഡ്രൻസ് ഐസിയു സെപ്റ്റംബർ 15നകം സ്ഥാപിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കുട്ടികളുടെ ഐസിയു സെപ്റ്റംബർ 15നകം സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആശുപത്രിയുടെ വികസനത്തിനായി ഏഴേകാല്‍ കോടി രൂപയുടെ ഭരണാനുമതി നൽകി. ആശുപത്രിയെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തുന്നതിനും അത്യാധുനിക മാതൃശിശു സംരക്ഷണ ആശുപത്രിയാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശം നൽകി. അട്ടപ്പാടിയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പുകൾക്ക് മന്ത്രി നിർദ്ദേശം നൽകി. അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ട്രൈബൽ പ്രമോട്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ ഫീൽഡ്തല പ്രവർത്തനങ്ങൾ ഊർജിതമാക്കണം. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ആദിവാസികൾക്ക് പൂർണ്ണമായും ലഭ്യമാക്കണം. ഗർഭിണികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികൾക്കായുള്ള ആദ്യ 1000 ദിന പരിപാടിയുടെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.