പൊലീസ് ക്വാർട്ടേഴ്‌സിനുള്ള പണം വില്ല പണിയാൻ ഉപയോഗിച്ചു; ബെഹ്‌റയ്ക്ക് സര്‍ക്കാരിന്റ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: ലോക്നാഥ് ബെഹ്റ ഡി ജി പിയായിരിക്കെ പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിനുള്ള ഫണ്ട് വകമാറ്റി വില്ലകളും ഓഫീസുകളും നിർമ്മിച്ച നടപടി സർക്കാർ സാധൂകരിച്ചു. ജൂലൈ 27ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 4.33 കോടി രൂപ വകമാറ്റിയ നടപടി സാധൂകരിച്ചതായി തീരുമാനിച്ചത്. ചട്ടങ്ങളുടെ അനുമതിയില്ലാതെ ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന കർശന നിർദ്ദേശങ്ങളോടെയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊലീസ് വകുപ്പിന്‍റെ ആധുനികവൽക്കരണ പദ്ധതി പ്രകാരം പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിനാണ് പണം അനുവദിച്ചത്. എന്നാൽ അനുവദിച്ച 4.33 കോടി രൂപ സർക്കാരിന്റെ അനുമതിയില്ലാതെ വകമാറ്റി ക്വാർട്ടേഴ്സിന് പകരം തിരുവനന്തപുരം വഴുതക്കാട്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി കൂറ്റൻ വില്ലകളാണ് നിർമിച്ചത്. ഡി ജി പിയായിരുന്ന ബെഹ്റ ഒരു വില്ലയിലാണ് താമസിച്ചിരുന്നത്.