പഞ്ചാബിൽ മുഖ്യമന്ത്രിയെ തോൽപിച്ച എംഎൽഎ യുടെ അമ്മ തൂപ്പുകാരി, അച്ഛന് കൂലിപ്പണി
പഞ്ചാബിൽ മുഖ്യമന്ത്രിയെ തോൽപിച്ച ആം ആദ്മി എംഎൽഎ ലഭ് സിങ്ങ് ഉഗോകെയുടെ അമ്മ ബൽദേവ് കൗർ താനും മകനും പഠിച്ച സർക്കാർ സ്കൂളിലെ തൂപ്പുകാരിയാണ്. അച്ഛൻ ദർശൻ സിങ്ങിന് കൂലിപ്പണിയായിരുന്നു. അനാരോഗ്യം നിമിത്തം ഇപ്പോൾ പണിക്ക് പോകുന്നില്ല. മകൻ എംഎൽഎ ആയെങ്കിലും തൂപ്പ് ജോലി ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്ന് ബൽദേവ് കൗർ പറഞ്ഞു.
മുഖ്യമന്ത്രി ചരൺജിത് സിങ്ങ് ചന്നിയെ ബദൗർ സീറ്റിൽ 37,550 വോട്ടുകൾക്കാണ് ലഭ് സിങ്ങ് പരാജയപ്പെടുത്തിയത്. പാർടി പ്രവർത്തകൻ ആവുന്നതിന് മുമ്പ് ഒരു മൊബൈൽ റിപ്പയറിങ്ങ് കടയിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കാലങ്ങളായി കഠിനാധ്വാനം ചെയ്യുകയാണെന്നും മകൻ എംഎൽഎ ആയെന്ന് കരുതി സ്കൂളിലെ തൂപ്പുജോലി നിർത്തില്ലെന്നും ബൽദേവ് കൗർ പറഞ്ഞു. ചൂൽ ആണ് ആം ആദ്മിയുടെ ചിഹ്നം. ചൂൽ ജീവിതത്തിൻ്റെ അവിഭാജ്യ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.
ലഭ് സിങ്ങിന്റെ അമ്മ സ്‌കൂളിൽ വളരെക്കാലമായി സ്വീപ്പറായി ജോലി ചെയ്യുകയാണെന്ന് സ്കൂൾ പ്രിൻസിപ്പാൾ അമൃത് പാൽ കൗർ പറഞ്ഞു. അമ്മയും ലഭ് സിങ്ങും ഇതേ സ്‌കൂളിലാണ് പഠിച്ചത്. ലഭ് സിങ്ങ് സ്‌കൂളിനുവേണ്ടി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. തൂപ്പു ജോലിയിൽ തുടരുമെന്ന് അമ്മ പറഞ്ഞതായി പ്രിൻസിപ്പാൾ വെളിപ്പെടുത്തി.
മകൻ എംഎൽഎ ആയെങ്കിലും കുടുംബം പഴയതുപോലെ തന്നെ ജീവിക്കുമെന്ന് കൂലിപ്പണിക്കാരൻ ആയിരുന്ന ദർശൻ സിങ്ങ് പറഞ്ഞു. കുടുംബത്തിന് പകരം തന്റെ മകൻ ജനങ്ങളുടെ ക്ഷേമത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഗ്രാമത്തിലെ ജനങ്ങളാണ് അവനെ എംഎൽഎ ആയി തിരഞ്ഞെടുത്തത്. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് അവൻ പ്രവർത്തിക്കേണ്ടത്.