മമ്തയുടെ നായകനായി ആര്യ; വിശാൽ ചിത്രം 'എനിമി' നവംബർ 4-ന്
വിശാൽ, ആര്യ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന എനിമി നവംബർ 4-ന് ദീപാവലി ദിനത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. തമിഴിലും തെലുഗിലും ഒരേസമയം പുറത്തിറങ്ങുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൻ്റെ സംവിധാനം ആനന്ദ് ശങ്കറാണ്. മിനി സ്റ്റുഡിയോസിൻ്റെ ബാനറിൽ വിനോദ് കുമാറാണ് നിർമാണം.
സുഹൃത്തുക്കൾ കടുത്ത വൈരികളായി മാറുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം. ചോഴൻ എന്ന കഥാപാത്രത്തെയാണ് വിശാൽ അവതരിപ്പിക്കുന്നത്. ചോഴൻ്റെ കാമുകിയായി മൃണാളിനി രവി വേഷമിടുന്നു. ചോഴൻ്റെ ബാല്യകാല സുഹൃത്തായ ആര്യ എന്ന കഥാപാത്രത്തെയാണ് നടൻ ആര്യ അവതരിപ്പിക്കുന്നത്. ആര്യയുടെ നായികയായാണ് മമ്ത മോഹൻദാസ് എത്തുന്നത്. പ്രകാശ് രാജ്, തമ്പി രാമയ്യ, കരുണാകരൻ, മാളവിക അവിനാഷ്, ജി മാരിമുത്തു, ജോർജ് മാര്യൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ആർ ഡി രാജശേഖറാണ് എനിമിയുടെ ഛായാഗ്രാഹകൻ. റെയ്മണ്ട് ഡെറിക് ക്രാസ്റ്റ എഡിറ്റിങ്ങും സാം സി എസ് സംഗീതവും നിർവഹിക്കുന്നു.