ഭാവിയുടെ മ്യൂസിയം ഇന്ന് ലോകത്തിന് സമർപിക്കുന്നു; ഭൂമുഖത്തെ ഏറ്റവും മനോഹരമായ നിർമിതിയെന്ന് വിശേഷണം
ഭൂമുഖത്തെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ അഥവാ ഭാവിയുടെ മ്യൂസിയം ഇന്ന് ദുബൈയിൽ പ്രവർത്തനം ആരംഭിക്കും. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലാണ് മ്യൂസിയം ലോകത്തിന് തുറന്നുകൊടുക്കുന്നത്.
77 മീറ്റർ ഉയരമുള്ള കെട്ടിടത്തിൻ്റെ നിർമാണത്തിന് തുടക്കം കുറിച്ചത് ഒമ്പത് വർഷം മുമ്പാണ്. 30,000 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. തൂണുകൾ ഇല്ല എന്നതാണ് മ്യൂസിയത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. ആധുനിക വാസ്തുവിദ്യാ രംഗത്തെ വിസ്മയകരമായ സാങ്കേതിക വിദ്യകളാണ് നിർമിതിക്കായി പ്രയോജനപ്പെടുത്തിയത്.
അറബ് ലോകത്തെ പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ സംഘമാണ് മ്യൂസിയത്തിൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനമായ കണ്ടുപിടുത്തങ്ങളെല്ലാം ഇതിന് മുതൽക്കൂട്ടാകും. ഇൻ്ററാക്റ്റീവ് എക്സിബിഷനുകളാണ് മ്യൂസിയത്തിലെ ഹൈലൈറ്റ്. മനുഷ്യരാശിയുടെ ഭാവി ഭാഗധേയം നിർണയിക്കുന്ന ടെക്നോളജിയും ട്രെൻഡും അനുഭവവേദ്യമാകുന്ന വിധത്തിലാണ് പ്രദർശനം ഒരുക്കുന്നത്.
ആഗോള ധൈഷണിക കേന്ദ്രം (ഗ്ലോബൽ ഇൻ്റലക്ച്വൽ സെൻ്റർ) എന്ന നിലയിലാണ് മ്യൂസിയത്തെ അറബ് ലോകം വിഭാവനം ചെയ്യുന്നത്. മനുഷ്യവംശത്തിൻ്റെ മുന്നോട്ടു പോക്കിൽ പ്രതിബന്ധങ്ങളാവുന്ന നാനാതരം വെല്ലുവിളികൾക്ക് പരിഹാരം കാണാനും ശാസ്ത്രീയമായ കണ്ടെത്തലുകളുടെ പുതുയുഗം സൃഷ്ടിക്കാനും ശേഷിയുള്ള 'ലിവിങ്ങ് ലബോറട്ടറി' ആയി ഭാവിയുടെ മ്യൂസിയം മാറിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഴ് നിലകളാണ് മ്യൂസിയത്തിലുള്ളത്. ബഹിരാകാശം, പരിസ്ഥിതി, ബയോ എഞ്ചിനീയറിങ്ങ്, ആരോഗ്യം, ക്ഷേമം, വെള്ളം, ഭക്ഷണം, ഗതാഗതം, ഊർജം എന്നിവയുൾപ്പെടെ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ തരണം ചെയ്യാനുള്ള സാങ്കേതികവിദ്യകളാണ് ആദ്യത്തെ ആറ് നിലകളിലായി പ്രദർശിപ്പിക്കുന്നത്. അവസാനത്തെ നില കുട്ടികൾക്കായി മാറ്റി വെച്ചിട്ടുണ്ട്.
മ്യൂസിയത്തിലെ പ്രദർശനങ്ങൾ ഇന്നത്തെ തലമുറയെ മാത്രമല്ല, ഭാവി തലമുറകളെയും സ്വാധീനിക്കുന്ന വിധത്തിലാണെന്ന് യു എ ഇ കാബിനറ്റ് കാര്യ മന്ത്രിയും മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി പറഞ്ഞു. ശാസ്ത്ര സാങ്കേതികവിദ്യയോടും അറിവിനോടുമുള്ള വരും തലമുറയുടെ അഭിനിവേശം വർധിക്കും. ബൗദ്ധികമായ ജിജ്ഞാസ ഉണർത്തി മനുഷ്യരാശിയുടെ അഭിവൃദ്ധിക്കും പുരോഗതിക്കും വേണ്ടി പ്രയത്നിക്കാൻ തലമുറകളെ പ്രചോദിപ്പിക്കുന്ന വിധത്തിലാവും മ്യൂസിയത്തിൻ്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.