ലാലേട്ടനുമൊത്തുള്ള ആദ്യചിത്രം, അതും ഷാജി കൈലാസിന്റെ സംവിധാനത്തിൽ; ആഹ്ലാദം പങ്കുവെച്ച് സംഗീത സംവിധായകൻ
ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'എലോൺ' എന്ന ചിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കുവെയ്ക്കുകയാണ് സംഗീത സംവിധായകനായ ജെയ്ക്സ് ബിജോയ്. ലാലേട്ടനുമൊത്തുള്ള ആദ്യചിത്രമാണ് എലോൺ. അതും ഷാജി കൈലാസിന്റെ സംവിധാനം. അതിയായ ആഹ്ലാദമാണ് അനുഭവപ്പെടുന്നതെന്ന് ജെയ്ക്സ് പറഞ്ഞു.
ഷാജി കൈലാസ്-മോഹൻലാൽ ടീം വെള്ളിത്തിര അടക്കിവാഴുന്നത് കണ്ടുകൊണ്ടാണ് താൻ വളർന്നത്. വർഷങ്ങൾക്കുശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിയുന്നു എന്നത് അവിശ്വസനീയമായ അനുഭവമാണ്. നാളുകൾക്കുശേഷം ഡോൺ മാക്സ് എഡിറ്റിങ്ങ് ടേബിളിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കുരുതിക്കുശേഷം ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജവുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം. എല്ലാം കൊണ്ടും ആഹ്ലാദകരമായ അനുഭവമാണ് പുതിയ സിനിമയെന്ന് ജെയ്ക്സ് പറഞ്ഞു.
'മലയാളി' എന്ന സംഗീത ആൽബത്തിലൂടെയാണ് ജെയ്ക്സ് ബിജോയ് ശ്രദ്ധേയനാവുന്നത്. നൂറിലേറെ ഷോർട്ട് ഫിലിമുകൾക്കും പരസ്യചിത്രങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. 'അയ്യപ്പനും കോശിയും', 'ധ്രുവങ്ങൾ പതിനാറ് ', 'രണം', 'ക്വീൻ', 'സ്വാതന്ത്ര്യം അർധരാത്രിയിൽ', 'മൺസൂൺ മാംഗോസ് ', 'പൊറിഞ്ചു മറിയം ജോസ്' , 'ഇഷ്ക് ', 'ഓപ്പറേഷൻ ജാവ', 'കുരുതി' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ജെയ്ക്സ് തെലുഗ്, കന്നട, തമിഴ് സിനികളിലും സജീവമാണ്. മമ്മൂട്ടിയും പാർവതി തിരുവോത്തും അഭിനയിക്കുന്ന 'പുഴു' വാണ് ജെയ്ക്സിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങളിലൊന്ന്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് എലോൺ നിർമിക്കുന്നത്.