ഒരേ ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമമാണ് കാലഘട്ടത്തിൻ്റെ ആവശ്യം : ഗവർണ്ണർ

ആരോഗ്യ സർവകലാശാല 16298 പേർക്ക് ബിരുദം നൽകി

സാങ്കേതികവിദ്യയുടെയോ ധിഷണാശാലികളുടെയോ കുറവല്ല ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെന്നും ഒരേ ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമമാണ് കാലഘട്ടത്തിൻ്റെ ആവശ്യമെന്നും സർവ്വകലാശാലാ ചാൻസലറും കേരള ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ. കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പതിനാറാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം വളർച്ചയെക്കുറിച്ച് മാത്രം ചിന്തിക്കാനും സമൂഹത്തെ സേവിക്കാനും ഉള്ള സ്വാതന്ത്ര്യം ഒരു മെഡിക്കൽ ബിരുദധാരിക്കുണ്ട്. എന്നാൽ പഠിച്ചത് സമൂഹത്തിനുകൂടി ഉപകരിക്കുന്നതരത്തിൽ ഉപയോഗിക്കുന്നവരെയാണ് നമ്മുടെ രാജ്യത്തിനാവശ്യം. പണമില്ലാത്തതിൻ്റെയോ സൗകര്യങ്ങളില്ലാത്തതിൻ്റെയോ പേരിൽ ഒരു രോഗിക്കുപോലും ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകരുത്. മറികടക്കാനാവില്ലെന്ന് കരുതിയ പ്രതിസന്ധികളെ പോലും അതിജീവിച്ച സമൂഹമാണ് നമ്മുടേതെന്നും ഗവർണ്ണർ ചൂണ്ടിക്കാണിച്ചു.

ഗവ. മെഡിക്കൽ കോളേജ് അലൂമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെഡിസിൻ, ആയുർവ്വേദ, ഹോമിയോപ്പതി, ഡെന്റൽ, നഴ്സിംഗ്, ഫാർമസി, പാരാമെഡിക്കൽ വിഭാഗങ്ങളിൽ 16298 ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ബിരുദദാനം നിർവഹിച്ചു.

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് മൈക്രോബയോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. സി കെ ജയറാം പണിക്കരുടെ സ്മരണാർത്ഥം എം ബി ബി എസ്സ് പരീക്ഷക്ക് മൈക്രോബയോളജിയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്നവർക്കായി ഏർപ്പെടുത്തിയ ഡോ. സി കെ ജയറാം പണിക്കർ എൻഡോവ്മെന്റ് അവാർഡ് എറണാകുളം ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അമൃതകൃഷ്ണയ്ക്ക് സമ്മാനിച്ചു. ബിരുദ കോഴ്സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡും ഫലകവും ചടങ്ങിൽ വിതരണം ചെയ്തു. പതിനാറാം ബിരുദദാനച്ചടങ്ങോടെ സർവ്വകലാശാലയിൽ നിന്ന് ആകെ ബിരുദം നേടിയവരുടെ എണ്ണം 1,23,776 ആകും.

സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽസ്വാഗതം പറഞ്ഞു. പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി പി വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ. എ കെ മനോജ് കുമാർ, പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. എസ് അനിൽകുമാർ, ഫിനാൻസ് ഓഫീസർ കെ പി രാജേഷ്, സർവ്വകലാശാലാ ഡീൻമാരായ ഡോ. ഷാജി കെ എസ്സ്, ഡോ. വി എം ഇക്ബാൽ, ഡോ ബിനോജ് ആർ, വിവിധ ഫാക്കൽറ്റി ഡീൻമാർ, ജസ്റ്റിസ് ഹരിഹരൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts