പുതിയ കോൺഗ്രസ് അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: പുതിയ കോൺഗ്രസ് അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും. നാളെ രാവിലെ 10 മണിക്ക് എഐസിസി ആസ്ഥാനത്ത് ബാലറ്റ് പെട്ടികൾ തുറന്ന് വോട്ടെണ്ണൽ ആരംഭിക്കും. അധ്യക്ഷൻ ആരായാലും പാർട്ടിയുടെ നിയന്ത്രണം ഗാന്ധി കുടുംബത്തിന്‍റെ കൈകളിലായിരിക്കുമെന്ന സൂചനയാണ് മുതിർന്ന പാർട്ടി നേതാക്കൾ നൽകുന്നത്. ഇന്നലെയോടെ വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്ന് 68 ബാലറ്റ് പെട്ടികൾ സ്ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. സ്ട്രോംഗ് റൂം നാളെ രാവിലെ 10 മണിക്ക് തുറന്ന് ബാലറ്റ് പെട്ടികൾ പുറത്തെടുക്കും. തുടർന്ന് ബാലറ്റ് പേപ്പറുകൾ കൂട്ടിക്കലർത്തും. ഇതിനുശേഷം 100 ബാലറ്റ് പേപ്പറുകൾ വീതം ഓരോ കെട്ടാക്കി മാറ്റും. ശേഷം 4 മുതൽ 6 ടേബിളുകളിലായി വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഔദ്യോഗിക ഫലം പ്രഖ്യാപിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. തിരഞ്ഞെടുപ്പിൽ വലിയ അട്ടിമറികളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. നെഹ്റു കുടുംബത്തിന്‍റെ ആശീർവാദത്തോടെ മത്സരിച്ച മല്ലികാർജുൻ ഖാർഗെ അനായാസം വിജയിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഖാർഗെയുടെ വിജയം നേതൃത്വം ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ തരൂരിന് എത്രത്തോളം പിന്തുണ ലഭിക്കുമെന്ന ആകാംക്ഷയും ഔദ്യോഗിക പക്ഷത്തിനുണ്ട്.

Related Posts